പറയാതെ പോകുന്ന വാക്കുകള്‍

പറയാതെ പോകുന്ന വാക്കുകള്‍



ചേലക്കരയില്‍ നിന്നും പാഞ്ഞാള്‍ വഴി ഷൊര്‍ണ്ണൂരിലേക്ക് പോകുന്ന സ്വകാര്യ ബസ്. കേരളത്തിലെ ദേശീയപാതകളെ വെല്ലുന്ന വളവുകളും തിരിവുകളും കയറ്റങ്ങളും ഇറക്കങ്ങളും വന്‍പന്‍ -ചെറുവന്‍പന്‍ കുഴികളുമുള്ള പാത.
സാധാരണ ബസ് യാത്രപോലെ യാത്രാ പണം കൊടുത്ത് അന്തംവിട്ടിരിക്കാന്‍ പറ്റില്ല.
കുറച്ച് ശ്രദ്ധ വേണം. വളവുകള്‍ തിരിയുബോള്‍ മസിലുപിടിച്ചിരിക്കണം. തലയെവിടെയെങ്ങിലും ഇടിക്കും, അല്ലെങ്കില്‍ അടുത്തിരിക്കുന്നവന്‍ മേത്തോട്ട് ചായും. നിന്നിട്ടുള്ള യാത്രയാണെങ്കില്‍ ഒരു ജിംനാസ്റ്റിക്കിനെപോലെ മുകളിലെ കംബിയില്‍ കിടന്ന് അഭ്യാസം കാണിക്കണം.
ഇങ്ങനെയുള്ള എത്ര ദിവസങ്ങള്‍.
ദേശമംഗലത്ത് ജോയിന്‍ ചെയ്ത അന്നുമുതലുള്ള യാത്രകള്‍ ഒന്ന് പിന്നോട്ടടിച്ച് പിന്നെ മുന്നോട്ടടിച്ച് നോക്കുന്നതിനിടയില്‍ മുന്നിലത്തെ വാതിലില്‍ നിന്നും ബസിലെ പണം പിരിവുകാരന്റെ ആക്രോശം
''അങ്ങ്‌ട് മാറി നിക്കടോ, ചാവാന്‍ ജീവല്ലെങ്കിലും വന്ന് കേറിക്കോളും. ബാക്കിള്ളോരുടെ പണിമെനക്കെടുത്താന്‍.''
പാഞ്ഞാള്‍ സെന്‍ററിലെ 'എസ്' വളവിലാണ് രംഗം.
എല്ലാവരും കണ്ടക്ടറുടെ പ്രതിയോഗിയെ നോക്കി.
വണ്ടിയുടെ ഗതിയറിയാതെ പെട്ടുപോയതാണ്, ഒരു വൃദ്ധന്‍.
വേനലവധി ആയതോണ്ട് ബസില്‍ തിരക്ക് കുറവ്. ഉള്ളവരെല്ലാം ഞെട്ടിത്തരിച്ച് വയസ്സനെ നോക്കി. അത്രയും ഉറക്കെയായിരുന്നു കണ്ടക്ടറുടെ ചീത്തവിളി.
വണ്ടി നിന്നു. പെട്ടന്ന് മാറാന്‍ പറ്റുന്ന തരത്തിലായിരുന്നില്ല, വൃദ്ധന്‍. പണം പിരിവുകാരന്‍ പിന്നെയും ചിന്നം വിളിച്ചു.
വൃദ്ധന്‍ പിരിവുകാരനെ നോക്കി.
ഇരുപത്തിയാറോ ഇരുപത്തിയേഴോ വയസ്സ് കാണും .
വൃദ്ധന്‍ യാത്രക്കാരെ ദൈന്യതയോടെ ഒന്ന് നോക്കി, പിന്നെ ഒന്ന് ചിരിക്കാന്‍ ശ്രമിച്ചു. വാര്‍ദ്ധക്യത്തിന്‍റ നിസഹായത. കണ്ടക്ടര്‍ വിടാന്‍ ഭാവമില്ലായിരുന്നു.
യാത്രക്കാര്‍ നിസംഗതയോടെ ഇരുന്നു.
അടുത്തിരുന്നയാള്‍ പിറുപിറുക്കുന്നു,
അവന്‍റ മുത്തച്ഛന്‍റ പ്രായംണ്ട്ന്ന്ള്ള തോന്നലെങ്കിലും വേണ്ടേ, ചെക്കന്. അടിച്ച് ചെപ്പക്കുറ്റ്യാപൊട്ടിക്കണം. നായ.
വണ്ടി ഒാടിത്തുടങ്ങി.
ബസില്‍ നിര്‍വ്വികാരതയോടെ ഇരിക്കുന്ന യാത്രക്കാര്‍. കവയത്രി സുഗതകുമാരി എഴുതിയപോലെ മൂന്ന് കുരങ്ങന്മാരാവാന്‍ വിധിക്കപ്പെട്ടവര്‍.
ഒന്നും കാണുന്നില്ല....
ഒന്നും കേള്‍ക്കുന്നില്ല....
ഒന്നും മിണ്ടുന്നില്ല....
വൃദ്ധന്‍റ ദൈന്യമുറ്റിയ കണ്ണുകള്‍ എന്നെ പിന്‍തുടരുന്നു. തനിക്കെങ്ങിലും പ്രതികരിക്കാമായിരുന്നില്ലേ?
മുന്നിലെ ഇരുബുകംപിയിലെ എന്റ പിടുത്തം മുറുകിയോ?
സമൂഹത്തിലെ അനീതിക്കതിരെയും അധാര്‍മികക്കെതിരേയും
പൊരുതാനുള്ള എന്റെ അഭിവാഞ്ഛ.
അയാളെ അടുത്തേക്ക് വിളിച്ചു.
''തനിക്കൊരു മര്യദയില്ലേടോ? പ്രായായ ആള്‍ക്കാരോട് കുറച്ചുകൂടെ മാന്യതയാകാം. തന്റെ പ്രായത്തില്‍ ആ കാര്‍ന്നോര്‍ക്ക് തന്നേക്കാള്‍ തണ്ടും തടിയും ഉണ്ടായിരുന്നിരിക്കണം. അപ്പോഴാണെങ്കി താനിങ്ങനെ പറയ്യോ? അയാളുടെ വയസ്സാകുംപോള്‍ തന്റെയൊക്കെ അവസ്ഥ ആര് കണ്ടു? ''
അപ്രതീക്ഷിതമായ എന്റെ പ്രതികരണത്തില്‍ അവന്‍ ഒന്ന് പതറി. മുതിര്‍ന്ന പൗരന്റെ പ്രായത്തെ അവഹേളിക്ക്യ, സ്ത്രീകളോടും കുട്ടികളോടും തട്ടിക്കേറ്വാ. താനെവിടുന്ന് വരണതാടോ? അവിടെ എഴുതി വച്ചിട്ടുള്ള ആര്‍.ടി ഒ യുടെ നംപറിലേക്ക് ഒന്ന് വിളിച്ചാ നെന്റ കള്യാ മാറും, കാണണോ?''
യാത്രക്കാരൊക്കെ ഉണര്‍ന്ന പോലെ, കണ്ടക്ടര്‍ എന്തെങ്കിലും പറഞ്ഞാല്‍ ഇടപെടാന്‍ തയ്യാറായി. രംഗം പന്തിയല്ല എന്നുകണ്ടപോള്‍ അയാള്‍ ഒന്ന് താഴ്ന്ന പോലെ.
''ഞനെന്താചേട്ടാ അതിന് പറഞ്ഞേ ''?
പിന്നെ എന്റെ വായില്‍നിന്നും ചടുലമായ വാക്കുകള്‍ അനര്‍ഗളംനിര്‍ഗമിച്ചു. കണ്ടക്ടര്‍ മിണ്ടാതെ നിന്നു.
ചില യാത്രക്കാര്‍ എണീറ്റു നിന്നു നോക്കുന്നു.
പൗരധര്‍മ്മത്തെ കുറിച്ച്, പുതിയ തലമുറയെക്ക് സംഭവിച്ച മൂല്യച്ച്യുതിയെ കുറിച്ച് ,...........എല്ലാം.
എന്റെ തൊണ്ട വരളുന്നു. സമയം കടന്ന് പോകുന്നു. ബസ് പെട്ടന്ന് ബ്രേക്കിട്ട് നിന്നു.
മുന്നോട്ട് ഒന്ന് ആഞ്ചി, തല മുന്നിലെ കംപിയില്‍ ഇടിക്കേണ്ടതായിരുന്നു. അതിന് മുന്‍പ് ബസിലേക്ക് തിരിച്ചെത്തി. ചുറ്റും നോക്കി ഒന്നും സംഭവിച്ചിട്ടില്ല. കണ്ടക്ടര്‍ മുന്നിലെ വാതിലിലുണ്ട്. യാത്രക്കാര്‍ പഴയപടി.
എന്റെ അസ്വസ്ഥ കണ്ടിട്ടാവണം അടുത്തിരുന്ന യാത്രക്കാരന്‍ ചോദിച്ചു,
''എന്തു പറ്റി''?
ഒന്നും പററിയില്ല.
എനിക്ക് എന്നോടുതന്നെ വെറുപ്പ് തോന്നി.
ഉള്ളിന്റ ഉള്ളില്‍ പൗരധര്‍മ്മവും മൂല്യബോധവും കടമകളും നിറഞ്ഞ് കവിയുകയും പ്രതിഷേധാഗ്നി ആളിക്കത്തുകയുമൊക്കെ ചെയ്തിട്ടും ഈ വിഷയത്തില്‍ ഒരു വാക്ക് മിണ്ടാന്‍ ത്രാണിയില്ലാതെ ലക്ഷക്കണക്കിനു പൗരന്മാരില്‍ ഒരാളായി, ഞാനും.
ആ വയസ്സനുണ്ടായ അപമാനത്തെ ഓര്‍ത്ത് എന്റ ശിരസ്സ് കുനിഞ്ഞു.
മനസ്സിന് ഒരു മരവിപ്പ്.
പുറത്തെ കാഴ്ച്ചകള്‍ കുണ്ടിലും കുഴിയിലുംപെട്ട് വികലമാകുന്നു.
ഞാന്‍ എണീക്കട്ടെ.
അടുത്തത് എനിക്ക് ഇറങ്ങേണ്ട സ്റ്റോപ്പാണ്.
ഇറങ്ങുന്നതിനു മുന്‍പ് എന്തെങ്ങിലും പറയണമെന്ന് തോന്നി.
ചെറുതുരുത്തി സ്റ്റോപ്പിലിറങ്ങി, അടുത്ത ബസ്സിന് കാത്തുനില്‍ക്കുംപോഴും പറയാതെ പോയ ആ വാക്കുകളെ ഓര്‍ത്ത് ഹൃദയം വിങ്ങിക്കൊണ്ടിരുന്നു.

*************************************************************************************************************************

Comments